English| മലയാളം

ചരിത്രം

പ്രാക് ചരിത്രം

 

സംഘകാലങ്ങളില്‍ (എ.ഡി 500) അടവൂര്‍ ഗ്രാമത്തിന്റെ ഭാഗമായ ചാലക്കുടി എ.ഡി.16, 17 നൂറ്റാണ്ടുവരെ കോടശ്ശേരിനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഴയകൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ചാലക്കുടി അന്നത്തെ ഭരണാധിപന്‍മാരായിരുന്ന കൊച്ചി രാജാക്കന്‍മാരുടെ സുഖവാസകേന്ദ്രമായിരുന്നു.

 

സ്ഥലനാമോല്‍പത്തി

 

ചാലക്കുടി എന്ന പേരിന്റെ ഉല്‍ഭവത്തെകുറിച്ച് 'ജ്യോതിഷസംഹിത' എന്ന ആധികാരിക ഗ്രന്ഥത്തില്‍ 'ശാലധ്വജം' (ശാലക്കൊടി) എന്നാണ് കാണപ്പെടുന്നത്. രണ്ടാം ചേര സാമ്രാജ്യകാലത്ത് ചുഴിക്കുളം ശാലയില്‍ വേദം പഠിക്കാനും ആയുധവിദ്യകള്‍ അഭ്യസിക്കാനും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളംപേര്‍ എത്തിയിരുന്നു. അവര്‍ക്ക് താമസസൌകര്യം ഏര്‍പ്പെടുത്തിയിരുന്നത് പുഴയോരത്തായിരുന്നു. ഈ താമസ സൌകര്യത്തിന് 'കുടി' എന്നാണ് പറയുന്നത്. ഈ കുടിയെ ശാലകുടി എന്ന് വിളിച്ചുപോന്നു. ഇത് ലോപിച്ചാണ് ചാലക്കുടി എന്നപേര് ഉണ്ടായതെന്ന് പറയപ്പെടുന്നു.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍ , സംഭവങ്ങള്‍

 

1929-ല്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ചാലക്കുടി സന്ദര്‍ശിച്ച്, ഹരിജനോദ്ധാരണ പ്രബോധനം നടത്തിയിട്ടുണ്ട്. ആ മഹാത്മാവ് അന്ന് പ്രസംഗിച്ച സ്ഥലത്താണ് ഇന്നത്തെ ചാലക്കുടി മുനിസിപ്പല്‍ കാര്യാലയം സ്ഥിതിചെയ്യുന്നത്. 1947-ല്‍ ചാലക്കുടിയിലെ അബ്ദുള്‍ റഹ്മാന്‍ നഗറില്‍ വച്ച് പ്രജാമണ്ഡലത്തിന്റെ മൂന്നാം സമ്മേളനം നടത്തപ്പെട്ടു. ഈ സമ്മേളനത്തില്‍ മുന്‍ രാഷ്ട്രപതി വി.വി.ഗിരി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

 

ഏകദേശം നൂറ്റിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1890-കളില്‍ സ്ഥാപിതമായ സി.എം.എസ് ഇംഗ്ലീഷ് മീഡിയം എല്‍ പി സ്കൂളാണ് ചാലക്കുടിയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. ഇന്ത്യയിലെ തന്നെ വിരലിലെണ്ണാവുന്ന എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നായ സതേണ്‍ കോളേജ് ഓഫ് എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് 1954-ല്‍ ഇവിടെ സ്ഥാപിതമായി.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

മലഞ്ചരക്ക് വ്യാപാരത്തിലും തടി വ്യവസായത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കേന്ദ്രമാണ് ചാലക്കുടി. എറണാകുളം-തൃശ്ശൂര്‍ നാഷണല്‍ ഹൈവേ, കേരളം, തമിഴ്നാട് ഇന്റര്‍ സ്റ്റേറ്റ് എന്നിവ പ്രാധാന്യമര്‍ഹിക്കുന്ന റോഡുകളാണ്.

map