
ദേശീയപാത 47-ന് അരികിലായി തൃശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ് ചാലക്കുടി.നിര്‍ദ്ദിഷ്ട ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു. ചരിത്രപ്രധാനമായ ചാലക്കുടി, ഇന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങള്‍, പോട്ട, മുരിങ്ങൂര്‍ എന്നിവിടങ്ങളിലെ ക്രിസ്തീയധ്യാനകേന്ദ്രങ്ങള്‍, ചലച്ചിത്രതാരങ്ങള്‍ എന്നിവ മൂലമാണ് പ്രസിദ്ധമായിരിക്കുന്നത്. ചാലക്കുടി പുഴയോട് ബന്ധപ്പെട്ട പുതിയ ജലവൈദ്യുതപദ്ധതികളും വിവാദങ്ങളും സമീപകാലത്ത് ചൂടു പിടിപ്പിക്കുന്ന ചര്‍ച്ചാവിഷയങ്ങളാണ്. അടുത്ത കാലത്തായി നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതും വാര്‍ത്തയായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശമദ്യ വ്യാപാരം നടക്കുന്നതും ചാലക്കുടിയിലാണ്.